India
‘ഓഹരി വിപണിയിൽ വൻ കുംഭകോണം’- മോദിക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുൽ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ചതെന്നും രാഹുൽ വ്യക്തമാക്കി.
എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെ രാഹുൽ പ്രതികരിച്ചത്.
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യാജ എക്സിറ്റ് പോൾ നടത്തിയവര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണം. ഇതിനെതിരെ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ വൻ കുംഭകോണമാണ് നടന്നത്. വിപണിയെ സ്വധീനിക്കാനായിരുന്നു വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്. എന്നാൽ ജൂണ്‍ നാലിനു വോട്ടെണ്ണി ഫലം വന്നതോടെ വിപണി വൻ തകർച്ചയാണ് നേരിട്ടത്.