ഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

അതീവസുരക്ഷയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് റാണയെ കോടതിയിലെത്തിച്ചത്. പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ ഹാജരായി. ഡല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവാണ് തഹാവൂര്‍ റാണയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.


