Kerala
ദേശീയപാത, റെയില്‍വേ ലൈന്‍ നിർമ്മാണങ്ങൾക്ക് കുന്നിടിച്ച് മണ്ണെടുക്കാൻ പാരിസ്ഥിതിക അനുമതി വേണം; കേന്ദ്രത്തിന്റെ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: ദേശീയപാതകൾ അടക്കമുള്ള റോഡുകൾ, റെയില്‍വേ ലൈന്‍ തുടങ്ങിയവയുടെ നിർമ്മാണങ്ങൾക്കായി കുന്നിടിച്ച് മണ്ണെടുക്കാൻ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തികൾക്കായി മണ്ണെടുക്കുന്നതിന് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേന്ദ്ര സർക്കാർ 2020 മാർച്ച് 28നും 2023 ആഗസ്റ്റ് 30നും പുറപ്പെടുവിച്ച വിജ്ഞാപനങ്ങളാണ് കോടതി റദ്ദാക്കിയത്. വിജ്ഞാപനങ്ങൾക്കെതിരെ നോബിൾ എം പൈക്കട സമർപ്പിച്ച ഹർജി ഭാഗികമായി അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
മതിയായ സംരക്ഷണ നടപടികളില്ലാതെ കണക്കില്ലാത്ത തരത്തിൽ ഭൂമി കുഴിച്ചും തരം മാറ്റിയുമുള്ള പ്രവൃത്തികൾ അനുവദിക്കാനാവില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് വ്യക്തമാക്കിയതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.രണ്ട് വിജ്ഞാപനങ്ങളും ഏകപക്ഷീയവും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധവുമാണെന്ന് കോടതി വ്യക്തമാക്കി.