ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ പറഞ്ഞു. നീറ്റ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സർക്കാരിന് ഒന്നും ഒളിക്കാനില്ല. വിഷയത്തിൽ 2010 മുതൽ ചർച്ച നടക്കുന്നതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയിൽ തൃപ്തിയാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു. സംയുക്ത പാർലമെൻ്ററി സമിതി വിഷയം അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
2024 നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതിനെച്ചൊല്ലി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മന്ത്രി ധർമ്മേന്ദ്ര പ്രധാനെ വിമർശിച്ചതോടെയാണ് ലോക്സഭയിൽ ചൂടേറിയ സംവാദങ്ങൾക്ക് തുടക്കമായത്. ‘നമ്മുടെ പരീക്ഷാ സംവിധാനത്തിൽ ഗുരുതര പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ അറിയാം, നീറ്റ് പരീക്ഷയിൽ മാത്രമല്ല എല്ലാ വലിയ പരീക്ഷകളിലും അങ്ങനെതന്നെയാണ്. താനൊഴികെ എല്ലാവരെയും കുറ്റപ്പെടുത്തുകയാണ് വിദ്യാഭ്യാസമന്ത്രി. എന്താണ് ഇവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് അടിസ്ഥാനകാര്യങ്ങൾ പോലും മന്ത്രിക്കറിയില്ലെന്നാണ് തോന്നുന്നത്’- രാഹുൽ പറഞ്ഞു.