പട്‌ന: നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ കുറ്റസമ്മതമൊഴി. ബിഹാര്‍ സ്വദേശിയായ 22കാരന്‍ അനുരാഗ് യാദവ് ആണ് മൊഴി നല്‍കിയത്. അഞ്ചാം തീയതി നടക്കേണ്ട പരീക്ഷയുടെ പേപ്പര്‍ നാലാം തീയതിയാണ് ലഭിച്ചതെന്ന് അനുരാഗ് പറയുന്നു.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് ബിഹാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. സമസ്തിപൂര്‍ സ്വദേശിയ വിദ്യാര്‍ഥി രാസ്ഥാനിലെ കോട്ടയിലെ സ്വകാര്യ കോച്ചിങ് സെന്ററിലാണ് പഠിച്ചിരുന്നത്.
എന്‍ജിനിയറായ തന്റെ അമ്മാവന്‍ വഴിയാണ് ചോദ്യപേപ്പര്‍ നാലാം തീയതി ലഭിച്ചതെന്നും അതിനുള്ള ഉത്തരവും അതോടൊപ്പം ഉണ്ടായിരുന്നെന്നും വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചാം തീയതി പരീക്ഷാ ഹാളിലെത്തിയപ്പോള്‍ ലഭിച്ച ചോദ്യപേപ്പര്‍ അമ്മാവന്‍ നല്‍കിയ അതേ ചോദ്യപേപ്പര്‍ തന്നെയായിരുന്നെന്നും പരീക്ഷാര്‍ഥി പറഞ്ഞു.
ബിഹാര്‍, ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ചോദ്യപേപ്പര്‍ ടെലഗ്രാം വഴി ചോര്‍ന്നെന്നും കേരളത്തില്‍ നിന്നുള്ള പരീക്ഷാര്‍ഥികള്‍ ആരോപിച്ചിരുന്നു. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് എസ്എഫ്‌ഐ ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.