സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി എന്‍ഡിഎ മുന്നോട്ട് പോകുമ്പോള്‍ സമ്മര്‍ദം ശക്തമാക്കി ഘടകകക്ഷികള്‍. ജെഡിയുവും ടിഡിപിയും ശിവസേനയും അടങ്ങുന്ന കക്ഷികള്‍ മന്ത്രിപദവിയും താത്പര്യങ്ങളും ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. പൊതുമിനിമം പരിപാടി വേണമെന്ന് ആവശ്യപ്പെട്ട ജെഡിയു, ജാതി സെൻസസ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ടിഡിപിയും തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനാണ് ബിജെപി നീക്കം. ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയിൽ ചേരും. പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി ചർച്ച തുടങ്ങി.
മൂന്ന് മന്ത്രി പദവി ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ടിഡിപി ലോക്സഭ സ്പീക്കർ പദവിയും ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി, മൂന്ന് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങള്‍ എന്നിവയാണ് ചോദിക്കുന്നത്. എൽജെപിയുടെ ചിരാഗ് പാസ്വാൻ ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവും ലക്ഷ്യമിടുന്നുണ്ട്. ശിവസേന ഷിൻഡെ വിഭാഗം ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരെയും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഇതോടെ കടുത്ത സമ്മര്‍ദത്തിലാണ്.