India
സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎ; മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം; വിട്ടുവീഴ്ചയ്ക്ക് ബിജെപി; പ്രതീക്ഷ നായിഡുവിലും നിതീഷിലും
എന്‍ഡിഎ സഖ്യത്തിന് ലഭിച്ച കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രങ്ങള്‍ ബിജെപി ആരംഭിച്ചു. എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഇന്ത്യ സഖ്യ നീക്കം ശക്തിപ്പെടുമ്പോഴാണ് എതിര്‍നീക്കവുമായി ബിജെപി രംഗത്തെത്തിയത്. എന്‍ഡിഎയ്ക്കൊപ്പം തുടരുമെന്നാണ് ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിരിക്കുന്നത്.
മറ്റു നാടകീയ നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്താനാണ് സാധ്യത. അമിത ആത്മവിശ്വാസത്തില്‍ 400ലധികം സീറ്റുകളെന്ന അവകാശവാദവുമായി പ്രചാരണ രംഗത്തിറങ്ങിയ മോദിക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. ഘടകക്ഷികളുടെ കനിവിലാണ് ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത് എന്ന പ്രത്യേകതയുണ്ട്. 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായത്. 292 സീറ്റാണ് എന്‍ഡിഎയ്ക്ക് ഉള്ളത്. ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നിതീഷ് കുമാറിന്‍റെ ജെഡിയു, ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന, ചിരാഗ് പാസ്വാന്‍റെ എല്‍ജെപി എന്നീ പാര്‍ട്ടികളെയാണ് ബിജെപിക്ക് ആശ്രയിക്കുന്നത്.
ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരുന്നുണ്ട്. വൈകീട്ട് ആറിന് മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക യോഗം. എന്‍ഡിഎയുടെ ഭാഗമായ ജെഡിയു, ടിഡിപി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണ സാധ്യത തേടാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ചർച്ചകൾ തുടരുന്നുണ്ട്.