Kerala

തോമസ് കെ തോമസ് മന്ത്രിയാവണമെന്ന് പാര്‍ട്ടി; ഒഴിയില്ലെന്ന് ശശീന്ദ്രന്‍

എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ എൻസിപി. മുൻ ധാരണപ്രകാരമാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിൽ തീരുമാനമായത്. പത്ത് ജില്ലാ അധ്യക്ഷൻമാര്‍ പങ്കെടുത്ത യോഗത്തിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കുട്ടനാട് എംഎൽഎയെ മന്ത്രിയാക്കുന്നതിനോട് യോജിച്ചു. അസൗകര്യം മൂലം നാലുപേര്‍ വിട്ടുനിന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡൻ്റാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.

തീരുമാനം പാർട്ടിയിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തു വരുന്നതിനും കാരണമായിട്ടുണ്ട്. 2021ൽ മന്ത്രി സ്ഥാനം മുതിര്‍ന്ന നേതാവ് എകെ ശശീന്ദ്രന് നൽകുമ്പോൾ രണ്ടര വർഷം വീതം മന്ത്രി സ്ഥാനം വീതം വയ്ക്കാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷം പറയുന്നത്. എന്നാൽ അങ്ങനെ ഒരു കരാർ ഇല്ലെന്നാണ് ശശീന്ദ്രൻ പക്ഷം വാദിക്കുന്നത്. ഈ നീക്കത്തില്‍ കടുത്ത അസംതൃപ്തിയുള്ള ശശീന്ദ്രൻ എംഎൽഎ സ്ഥാനമടക്കം രാജിവയ്ക്കുമെന്ന ഭീഷണി ഉയർത്തി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് എന്നാണ് വിവരം. പിസി ചാക്കോ രാജിവച്ച് പകരം ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം ദേശീയ അധ്യക്ഷൻ ശരത് പവാറിനെ ഈ മാസം അഞ്ചിന് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ നേരിട്ട് അറിയിക്കും. എകെ ശശീന്ദ്രൻ, തോമസ് കെ തോമസ്, എന്നിവരും അന്ന് പാർട്ടി അധ്യക്ഷനെ കാണും. ഇവർ തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. അഞ്ചിന് ഡൽഹിയിലെ അനുനയ ചർച്ചകൾക്ക് ശേഷം ശരത് പവാറിനെക്കൊണ്ട് മന്ത്രി സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകും.

മുമ്പ് പിസി ചാക്കോയും തോമസ് കെ തോമസും തമ്മിൽ അത്ര നല്ല ബന്ധമായിരുന്നില്ല പാർട്ടിയിൽ ഉണ്ടായിരുന്നത്. അടുത്തിടെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തതാണ് ശശീന്ദ്രന് തിരിച്ചടിയായത്. കുട്ടനാട് സീറ്റിന് വേണ്ടി സംസ്ഥാന എക്‌സ്യിക്യൂട്ടീവ് അംഗവും വ്യവസായിയുമായ റെജി ചെറിയാൻ കരുക്കൾ നീക്കിയതാണ് തോമസ് കെ തോമസ് ചാക്കോയുമായി ഇടയാൻ കാരണമായത്. എന്നാൽ റെജി ചെറിയാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവർ പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപിലേക്ക് ചേക്കേറിയതാണ് ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും ഊട്ടിയുറപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top