Kerala

അജിത്തിന് വീട്ടിലേക്ക് വരാം, പാർട്ടി കാര്യം പ്രവർത്തകർ തീരുമാനിക്കും: ശരദ് പവാർ

Posted on

അജിത് പവാറിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് പാർട്ടി പ്രവർത്തകർ തീരുമാനിക്കുമെന്ന നിലപാട് വ്യക്തമാക്കി ശരദ് പവാർ. അജിത് പവാർ തിരിച്ചുവരാൻ ആഗ്രഹിച്ചാൽ ഉൾപ്പെടുത്തുമോയെന്ന കാര്യത്തിൽ പാർട്ടിയിലെ സഹപ്രവർത്തകരുടെ അഭിപ്രായം തേടുമെന്ന് എൻ.സി.പി. സ്ഥാപക നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം അജിത് പവാർ പക്ഷത്തെ 25 നേതാക്കൾ മാതൃസംഘടനയിലേക്ക് തിരിച്ചെത്തിയിരുന്നു. അജിത് പക്ഷത്ത് നിന്നെത്തിയ നേതാക്കളെ ശരദ് പവാറായിരുന്നു മാതൃ സംഘടനയിലേക്ക് സ്വീകരിച്ചുത്.

സഹോദരപുത്രനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശരദ് പവാർ. വീട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ടെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാൽ, വ്യക്തിപരമായ തീരുമാനം ഉണ്ടാകില്ലെന്നും പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നവരുടെ അഭിപ്രായം തേടുമെന്നും മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് മഹാരാഷ്ട്രയിലുണ്ടായ കനത്ത പരാജയത്തിനു പിന്നാലെയാണ് അജിത് പവാറിന്റെ എൻ.സി.പി.യിൽ നിന്ന്‌ മാതൃപാർട്ടിയിലേക്ക് തിരിച്ചൊഴുക്കാരംഭിച്ചത്.

നാലുസീറ്റിൽ മത്സരിച്ച അജിത് പവാർ പക്ഷം ഒറ്റ സീറ്റിലൊതുങ്ങിയതോടെയാണ് ശരദ് പവാറിനൊപ്പം ചേരാന്‍ എം എൽ എ മാർ അടക്കമുള്ള നിരവധി നേതാക്കൾ ശരദ് പവാർ ക്യാമ്പുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് . മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഛ​ഗൻ ഭുജ്ബാൽ കഴിഞ്ഞ ദിവസം ശരദ് പവാറിനെ സന്ദര്‍ശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പടി വാതിക്കൽ നിൽക്കെ അജിത് പക്ഷത്ത് നിന്ന് കൂടുതൽ പേർ തിരിച്ചെത്തുമെന്നാണ് സൂചനകൾ. അജിത് പവാർ വിഭാഗത്തിലെ 19 എം.എൽ.എ.മാർ ബന്ധപ്പെട്ടതായി ശരദ് പവാർ പക്ഷത്തെ നേതാവ് രോഹിത് പവാർ നേരത്തേ അവകാശപ്പെട്ടിരുന്നു. 2023 ജൂലൈയിലാണ് അജിത് പാർട്ടി വിട്ട് ഭൂരിപക്ഷം എം എൽ എ മാറുമായി എൻ ഡി എ സഖ്യത്തിന്റെ ഭാഗമായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version