Kerala

നവകേരളബസ് ഇനി മ്യൂസിയത്തില്‍ വയ്‌ക്കേണ്ടി വരുമോ? റോഡിലോടിയാല്‍ ബാധ്യതയാകുന്ന സ്ഥിതിയില്‍ വീണ്ടും ഓട്ടംനിര്‍ത്തി

Posted on

നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനായി ആഡംബര ബസ് ഇറക്കുന്നുവെന്ന പേരിൽ വിവാദം ഉടലെടുത്തപ്പോൾ പതിവുപോലെ പ്രതിരോധവുമായി ഏറ്റവും ശക്തമായി രംഗത്തുവന്നത് മുൻ മന്ത്രി എ.കെ.ബാലനായിരുന്നു. നവകേരള സദസ് കഴിഞ്ഞാലും ബസിന് വൻ ഡിമാൻ്റുണ്ടാകും, മ്യൂസിയത്തിൽ വച്ചാൽ പോലും കാണാനും അതിൽ കയറാനും ആളുകൾ ക്യൂ നിൽക്കും എന്നെല്ലാമായിരുന്നു വാദം. ഏതായാലും നിരത്തിലിറക്കി ഓടിച്ചിട്ട് കയറാനാളില്ല. അപ്പോഴാണിനി മ്യൂസിയം പരീക്ഷണം വേണ്ടിവരുമോ എന്ന ചോദ്യങ്ങൾ ഉയരുന്നത്.

നവകേരള സദസിനു ശേഷം കെഎസ്ആര്‍ടിസിക്ക് കൈമാറിയ ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്നു. എന്നാല്‍ യാത്രക്കാർ ഇല്ലാത്തതിനാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ്. നേരത്തെ രണ്ട് ദിവസം ബസ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ വീണ്ടും പുനരാരംഭിച്ചു. പിന്നീട് നടത്തിയ സര്‍വീസുകളിലും ചുരുക്കം യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കെഎസ്ആര്‍ടിസിക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. സ്വതവേ നഷ്ടത്തിലുള്ള കെഎസ്ആർടിസിക്ക് ഇതുപോലെയുള്ള ആഡംബര ബസിൻ്റെ പേരിലുള്ള ബാധ്യത കൂടി താങ്ങാനാകാത്ത അവസ്ഥയാണ്.

ലിഫ്റ്റും ശുചിമുറിയുമെല്ലാമുള്ള ബസെന്ന നിലയിലാണ് ഇതിനെ മാർക്കറ്റ് ചെയ്യാൻ കെഎസ്ആർടിസി ശ്രമിക്കുന്നത്. അത് പക്ഷെ വിലപ്പോകുന്നില്ല. ഒട്ടേറെ സ്വകാര്യ ബസുകൾ ഒറ്റ രാത്രി കൊണ്ട് ഓടിയെത്തുന്ന ബെംഗളൂരു റൂട്ടിൽ ശുചിമുറിയൊന്നും ആർക്കും വലിയ ആകർഷണമല്ല. അതുകൊണ്ട് തന്നെ 1256 രൂപയെന്ന നിരക്ക് താങ്ങാനാകാതെ ആളുകൾ സ്വകാര്യ സർവീസുകളെ തന്നെ ആശ്രയിക്കുകയാണ്. ഇതാണ് തിരിച്ചടിയാകുന്നത്.

നിരക്ക് കൂടുതലായത് കാരണമാണ് യാത്രക്കാര്‍ കുറയുന്നതെന്ന പരാതി കെഎസ്ആര്‍ടിസി ഇതുവരെ പരിഗണിച്ചിട്ടു പോലുമില്ല. ഇത്രയും മെയിൻ്റനൻസ് ബാധ്യതയുള്ള ബസ് ഇതിൽ കുറഞ്ഞ നിരക്കിൽ ഓടിക്കാൻ കഴിയില്ല എന്നതാണ് കോർപറേഷൻ്റെ നിലപാട്. ഇത്തവണയും സര്‍വീസ് നിര്‍ത്തിയെന്നത് കോര്‍പ്പറേഷന്‍ സമ്മതിച്ചിട്ടില്ല. ബസ് വര്‍ക്ക്‌ഷോപ്പിൽ ആയതിനാലാണ് കഴിഞ്ഞ ഒരാഴ്ചയായി സര്‍വീസ് നടത്താത് എന്നാണ് ഔദ്യോഗിക വിശദീകരണം. നിലവില്‍ കോഴിക്കോട് റീജണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസുള്ളത്.

ലിഫ്റ്റും ശുചിമുറിയും അടക്കമുള്ള ഈ ആഡംബര ബസ് ഇനി എന്തു ചെയ്യുമെന്ന ആലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. ബസ് വാങ്ങുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.25 കോടി രൂപയാണ് ഖജനാവില്‍ നിന്ന് ചിലവഴിച്ചത്. ഇതില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ബസ് ഉപയോഗിച്ച് പല പദ്ധതികളും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് കൈമാറുകയാണ് അവസാനം ചെയ്തത്. ഇനി ബസിനെ എന്തു ചെയ്യും എന്നതില്‍ ആര്‍ക്കും ഉത്തരമില്ലാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version