Kerala

നവ കേരള ബസ് ഹൗസ്‌ഫുൾ; എല്ലാവർക്കും വേണ്ടത് മുഖ്യമന്ത്രിയുടെ സീറ്റ്

Posted on

കോഴിക്കോട്: നവകേരള സദസ്സിനൊപ്പം വിവാദമായ നവകേരള ബസ്സിന് ഇപ്പോൾ ആരാധകരേറെയാണ്. ബസ് പൊതുജനങ്ങൾക്കായി വിട്ടുകൊടുത്തതോടെ യാത്ര ചെയ്യാൻ തിക്കും തിരക്കുമാണെന്നതാണ് ഒറ്റ ദിവസം കൊണ്ട് വിറ്റുപോയ ടിക്കറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ഗരുഡ പ്രീയം എന്ന പേരിലാണ് നവകേരള ബസ് കോഴിക്കോട് – ബെംഗളുരു റൂട്ടിൽ നാളെ മുതൽ യാത്രയാരംഭിക്കുന്നത്. ബസ്സിന്റെ ആദ്യ സർവ്വീസിന്റെ മുഴുവൻ ടിക്കറ്റും ഇതിനോടകം വിറ്റുകഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിലാണ് മുഴുവൻ ടിക്കറ്റും വിറ്റുപോയത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകേണ്ടിവരും.

ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകളുണ്ടെങ്കിലും നവകേരള യാത്രയിലുടനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുമ്പിലെ സീറ്റാണ് എല്ലാവർക്കും വേണ്ടത്. ഇതിന് വേണ്ടി ഡിപ്പോയിൽ വന്ന് ചോദിക്കുന്നവരുമുണ്ട്. നേരത്തെ മെയ് ഒന്നിന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് നടത്തിയ സർവ്വീസിലും ഇതേ സീറ്റ് നേരത്തേ ബുക്ക് ചെയ്തിരുന്നു. പുലർച്ചെ നാലിന് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്ന് ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍.

ടോയ്ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സർവ്വീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും. സംസ്ഥാന സർക്കാരിൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ ഈ ബസ് വാങ്ങിയത്. അന്ന് ബസ്സിലെ ആഢംബരത്തെ ചൊല്ലി വലിയ വിവാദങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ബസ്സിൽ ശുചിമുറിയും ലിഫ്റ്റും മാത്രമാണുള്ളതെന്ന് പിന്നീട് വ്യക്തമായി. ബസ്സിനുള്ളിൽ കയറി ബോധ്യപ്പെടാൻ മാധ്യമങ്ങൾക്ക് അവസരം നൽകിയുരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version