Kerala

നവകേരള ബസ് സർവ്വീസ് നടത്തുക കോഴിക്കോട് – ബംഗളുരു റൂട്ടിൽ? തീരുമാനം ഉടൻ

Posted on

തിരുവനന്തപുരം: നവകേരള ബസ് സർവ്വീസ് നടത്തുക കോഴിക്കോട് – ബംഗളുരു റൂട്ടിൽ ആയിരിക്കുമെന്ന് സൂചന. അന്തർ സംസ്ഥാന സർവീസിനായി ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയിൽ ആലോചന സജീവമാണ്. സ്റ്റേജ് ക്യാരേജ് പെർമിറ്റിൻ്റെ നടപടികൾ പൂർത്തിയായാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബസ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് കൈമാറിയേക്കില്ലെന്നാണ് നിലവിലെ വിവരം.

ബസിൻറെ കോൺട്രാക്ട് ക്യാരേജ് പെർമിറ്റ്, സ്‌റ്റേജ് ക്യാരേജ് പെർമിറ്റാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. വൻതുക മുടക്കി വാങ്ങിയ ബസ് ഉപയോഗിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി ഇക്കാര്യത്തിൽ നടപടികളാരംഭിച്ചത്. സംസ്ഥാന സർക്കാരിൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. യാത്ര കഴിഞ്ഞാൽ ബസ് മ്യൂസിയത്തിൽ വെക്കാമെന്നും ബസിൻറെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ബസ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് നൽകാൻ ധാരണയും ആയി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപനം നടപ്പായില്ല. അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ ആണ് ഇപ്പോൾ ഉള്ളത്. ബസ് വെറുതെ കിടക്കുന്നുവെന്ന വിമർശനം ശക്തമായതോടെയാണ് കെഎസ്ആർടിസി മാനേജ്മെൻറ് സർവ്വീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version