കോഴിക്കോട്: രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സർവീസ് തുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ആദ്യ സർവീസ് തന്നെ ഹൗസ്ഫുൾ ആണ്. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്.
നേരത്തെ ബെംഗളൂരുവിലേയ്ക്ക് സർവീസ് നടത്തിയിരുന്ന നവകേരള ബസ് നഷ്ടത്തിലായതോടെ സർവീസ് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകൾ വർദ്ധിപ്പിച്ച് രൂപമാറ്റം വരുത്തി സൂപ്പർ ഡീലക്സ് ആക്കി സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചത്. നിലവിൽ ബസിലെ സീറ്റുകളുടെ എണ്ണം 37 ആക്കിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശുചിമുറി ബസിൽ നിലനിർത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇപ്പോൾ 930 രൂപയാണ് ഈടാക്കുന്നത്.
നേരത്തെ നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടിയായിരുന്നു 1.6 കോടി രൂപയ്ക്ക് ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളോടെയുമായിരുന്നു ബസ് തയ്യാറാക്കിയത്. നവകേരള ബസ് നേരത്തെ ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ബസിൽ ഉണ്ടെന്ന പ്രചാരണം നവകേരള യാത്രയ്ക്ക് മുമ്പ് ഉയർന്നിരുന്നു. ബസ് പുറത്തിറങ്ങിയതോടെയാണ് ഇത്തരം പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായത്.