നാഗ്പൂർ: മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. നാഗ്പൂരിലെ മഹൽ പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു. സംഭവത്തിൽ 17 പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതിഷേധ പ്രകടനത്തിന് ശേഷം മഹൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ നാഗ്പൂരിലെ ഹൻസപുരിയിൽ രാത്രി 10:30 നും 11:30 നും ഇടയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്രദേശത്തെ വീടുകളും ഒരു ക്ലിനിക്കും നശിപ്പിക്കുകയും ചെയ്തതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
സംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ സംഘടനകൾ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷം ഉണ്ടാകുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ നാഗ്പൂരിൽ ഇരു വിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

