Crime
ഫോണിൽ ഉറക്കെ സംസാരിച്ചത് ചോദ്യം ചെയ്തത് തർക്കമായി; മദ്യലഹരിയിൽ പിതാവ് മകനെ അടിച്ചുകൊന്നു
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അച്ഛനും മകനും തമ്മിലുള്ള തർക്കത്തിൽ മകനെ അച്ഛൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂരജ് എന്ന 28 വയസുകാരൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിന്റെ പിതാവ് രാംറാവു കാക്‌ഡെയെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയാണ് പിപ്ര ഗ്രാമത്തിൽ വച്ച് കേസിനാസ്പദമായ സംഭവം നടന്നത്. സൂരജ് ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനെ ചൊല്ലി തർക്കം ഉടലെടുക്കുകയായിരുന്നു. എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കാക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ് പറഞ്ഞു.
ഇരുവരും മദ്യലഹരിയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.