India
നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്; ബഹിഷ്‌കരിച്ച് വോട്ടര്‍മാര്‍
കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.
ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.