Kerala

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Posted on

തിരുവനനതപുരം: ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം വകവയ്ക്കാതെ ഇന്നുമുതല്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. തീയതി ലഭിച്ച അപേക്ഷകരോട് സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്താന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തും ടെസ്റ്റ് നടത്തും. ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാം. സര്‍ക്കാര്‍ സ്ഥലങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍.

ടെസ്റ്റിന് എത്തുന്നവരെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും തടയുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. ഇരുകൂട്ടരും നിലപാട് കടിപ്പിച്ചതോടെ ഇന്ന് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. ഇന്നലെയും ഡ്രൈവിങ് ടെസ്റ്റുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മുടങ്ങിയിരുന്നു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ കാസര്‍കോട് പായ വിരിച്ച് റോഡില്‍ കിടന്നായിരുന്നു ഇന്നലെ പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് പണിമുടക്ക് അഞ്ചാം ദിവസവമായ ഇന്നലെയും മുടങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗതാഗത മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തിന് പിന്നാലെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version