കുറിപ്പ്:
എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
ഓവര്‍ലോഡ് എന്താണ് എന്ന് മനസിലാക്കാനായി ഒന്ന് രണ്ട് കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
1. അണ്‍ലാഡന്‍ വെയ്റ്റ് (ULW): ഒരു വാഹനത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പെടെയുള്ള വാഹനത്തിന്റെ ഭാരത്തെ Unladen weight എന്നു പറയുന്നു.ഇതില്‍ ഡ്രൈവറുടെ ഭാരം ഉള്‍പെടില്ല.
2. ഗ്രോസ് വെഹിക്കിള്‍ വെയ്റ്റ് (GVW): വാഹനത്തിന്റെയും അതില്‍ കയറ്റാനനുവദനീയമായ വസ്തുക്കളുടെയും ആകെ ഭാരത്തെ Gross Vehicle weight (GVW) എന്നാണ് പറയുന്നത്.
ഇവ രണ്ടും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.
യഥാര്‍ത്ഥത്തില്‍ GVW വില്‍ നിന്ന് ULW കുറച്ചാല്‍ കിട്ടുന്ന അളവാണ് ആ വാഹനത്തില്‍ കയറ്റാനനുമതിയുള്ള പരമാവധി ലോഡിന്റെ അളവ്.
ചരക്കു വാഹനങ്ങളുടെ പെര്‍മിറ്റിലും ഈ അളവ് രേഖപ്പെടുത്തിയിട്ടുണ്ടാവും.
ഉദാഹരണത്തിന് ഒരു ലോറിയുടെ GVW 18500 kg ഉം
ULW 8500 Kg ഉം ആണെങ്കില്‍ അതില്‍ കയറ്റാവുന്ന പരമാവധി ലോഡിന്റെ അളവ് 10000 kg (10 Ton) ആയിരിക്കും.
വാഹന പരിശോധന സമയത്ത് ഇങ്ങനെയുള്ള ചരക്കു വാഹനങ്ങള്‍ ഒരു അംഗീകൃത വെയ് ബ്രിഡ്ജില്‍ കയറ്റി തൂക്കിനോക്കുമ്പോള്‍ കിട്ടുന്ന ആകെ ഭാരത്തില്‍ നിന്ന് വാഹനത്തിന്റെ GVW കുറച്ചു കിട്ടുന്ന അളവാണ് ആ വാഹനത്തില്‍ ഉള്ള ഓവര്‍ ലോഡ് ആയി കണക്കാക്കുന്നത്. റെജിസ്‌ട്രേഷനു ശേഷം
വാഹനത്തില്‍ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള ആള്‍ട്ടറേഷന്‍, Extra fittings തുടങ്ങിയവയൊക്കെ പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള കയറ്റാവുന്ന ലോഡിന്റെ അളവിനെ ബാധിക്കും എന്നുകൂടി മനസിലാക്കുക.
ഉദാഹരണത്തിന് 18500 kg GVW ഉള്ള ഒരു വാഹനം ഇങ്ങനെ പരിശോധിച്ചപ്പോള്‍ വെയ്‌മെന്റ് സ്ലിപ്പ് പ്രകാരം തൂക്കം 21600 kg എന്ന് കരുതുക. അങ്ങനെയെങ്കില്‍ ഈ വാഹനത്തില്‍ 3100kg ഓവര്‍ ലോഡ് ആണെന്ന് കണക്കാക്കാം.
ഇനി മോട്ടോര്‍ വാഹന നിയമപ്രകാരം ഇതിന് കേരളത്തില്‍ പിഴ കണക്കാക്കുന്നതെങ്ങനെ എന്നു നോക്കാം.
അമിത ഭാരം കയറ്റിയാല്‍ മിനിമം 10000 രൂപയാണ് പിഴ.കൂടാതെ അധികമുള്ള ഓരോ ടണ്ണിനും 1500 വീതം അടക്കണം.കൂടാതെ അധികമുള്ള ഭാരം അണ്‍ലോഡ് ചെയ്ത് മാത്രമേ തുടര്‍ന്നു പോകാനനുവാദമുണ്ടാകൂ
മുകളില്‍ പറഞ്ഞ വാഹനത്തിന് അങ്ങനെയാണെങ്കില്‍ 10000+ 4500 =14500 രൂപ പിഴ അടക്കേണ്ടതായി വരും.
കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ് ഇവ നിശ്ചിത കാലത്തേക്ക് സസ്‌പെന്റ് ചെയ്യാനും കാരണമാകും.
തൂക്കം പരിശോധിച്ച് തൂക്കച്ചീട്ട് ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ആ നിര്‍ദേശം പാലിച്ചില്ല എങ്കില്‍ 20000 രൂപയാണ് പിഴ.
മോട്ടോര്‍ വാഹന നിയമപ്രകാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്കും സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ളവര്‍ക്കും അമിതഭാരം പരിശോധിച്ച് പിഴ ഈടാക്കാന്‍ അധികാരമുണ്ട്.