തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ബാർ-ഹോട്ടലുകൾക്ക് പുതിയ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിക്കാൻ വണ്ടിയിലെത്തിയവർക്ക് ബാറുകാർ ഡ്രൈവറെ നൽകണമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം. പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ബാർ വളപ്പിൽ ലഭ്യമാക്കണമെന്ന് ആർടിഒ(എൻഫോഴ്സ്മെൻ്റ്) ജില്ലയിലെ ബാർ ഹോട്ടൽ മാനേജർമാർക്ക് നൽകിയ ഉത്തരവിൽ നിർദേശിച്ചു.
ഡ്രൈവറുടെ സേവനം ലഭ്യമാകുന്ന വിവരം ബാറിലെത്തുന്നവരെ അറിയിക്കണം. മദ്യപിച്ച് വാഹനം ഓടിക്കുമ്പോഴുണ്ടാകാവുന്ന അപകട സാധ്യതകളെക്കുറിച്ച് ബാറിൽ അറിയിപ്പ് രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഡ്രൈവിങ് മൂലമുണ്ടാകുന്ന റോഡ് അപകടങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ ഉത്തരവ്.
ആരൊക്ക ഈ സേവനം ഉപയോഗപ്പെടുത്തി എന്നതിൻ്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. അതേസമയം മദ്യപിച്ച ഉപഭോക്താക്കൾ ഡ്രൈവറുടെ സേവനം നിരസിക്കുകയും വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്താൽ ഹോട്ടൽ അധികൃതർ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ ആർടിഒ ഓഫിസിനെയോ അറിയിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം.