Kerala

മോട്ടോർ വാഹന വകുപ്പിൽ കടുത്ത വാഹന ക്ഷാമം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ കടുത്ത വാഹന ക്ഷാമം. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന കേന്ദ്ര തീരുമാനത്തെ തുടർന്നാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ നിരവധി വാഹനങ്ങൾ കട്ടപ്പുറത്തായത്. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പോലും വണ്ടികളില്ലാതെ നട്ടം തിരിയുകയാണ് ഉദ്യോഗസ്ഥർ. കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു. കത്തിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

വിവിധ ആർടിഒ, സബ് ആർടി ഓഫീസുകളിലായി 70 ഓളം വാഹനങ്ങളാണ് രജിസ്ട്രേഷൻ കാലാവധി പൂർത്തിയായതോടെ കട്ടപ്പുറത്തുള്ളത്. ഇവ അടിയന്തരമായി മാറ്റി നൽകണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം. വാഹന ക്ഷാമം വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്നുണ്ടെന്ന് കത്തിൽ പറയുന്നു.

ഒരു എംവിഡി ഉദ്യോഗസ്ഥൻ ഒരു മാസം 150 നിയമ ലംഘനങ്ങൾ കണ്ടെത്തണമെന്നും രണ്ട് ലക്ഷം രൂപ പിഴ ഈടാക്കണമെന്നുമുള്ള ക്വോട്ട നിശ്ചയിച്ചിറ്റുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ 2019ലെ ഈ സർക്കുലർ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. വാഹനമില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ഇതുവഴി സർക്കാരിന് ലഭിക്കേണ്ട ഭീമമായ തുകയാണ് നഷ്ടമാകുന്നതെന്നും കത്തിലുണ്ട്.

ആർടി ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ പോലും ശരിയായി അന്വേഷിക്കാൻ കഴിയുന്നില്ല. ഡ്രൈവിംഗ് ടെസ്റ്റുകൾ പോലും മുടങ്ങുന്ന സ്ഥിതിയുണ്ട്. റവന്യൂ ഏണിംഗ് ഡിപ്പാർട്ട്മെൻറാണ് മോട്ടോർ വാഹന വകുപ്പ്. വാഹനം വാങ്ങാൻ ചിലവഴിക്കേണ്ടി വരുന്ന തുക പിഴയിനത്തിൽ സർക്കാരിന് തിരികെ ലഭിക്കുമെന്നും കത്തിൽ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top