കണ്ണൂർ: സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ ബിജെപിക്ക് വോട്ട് വർധിച്ചത് സംബന്ധിച്ച് പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ എം.വി. ജയരാജൻ. കണ്ണൂരിൽ ബിജെപി വിജയിച്ചില്ലെങ്കിലും ഇടത് കേന്ദ്രങ്ങളിൽ അവർക്ക് നേട്ടമുണ്ടാക്കാനായെന്നും ഇത് പ്രത്യേക പ്രതിഭാസമാണെന്നും എം വി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിൽ ഉൾപ്പെടെ ബി.ജെ.പിയ്ക്ക് വോട്ട് വർധിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാരുന്നതിനിടെയാണ് എം വി ജയരാജന്റെ തുറന്നു പറച്ചിൽ.
‘1977-ൽ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ കോൺഗ്രസ് ജയിച്ചു. ഇത്തവണ ബി.ജെ.പി. വിജയിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ചില കേന്ദ്രങ്ങളിൽ ബി.ജെ.പിയുടെ വോട്ട് വർധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ വോട്ട് ബി.ജെ.പിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നത്. അവർക്ക് 2019-ൽ കിട്ടിയ വോട്ട് കിട്ടിയിട്ടില്ല. എന്നാൽ ഇടതുപക്ഷത്തിനും കിട്ടിയിട്ടില്ല. ബി.ജെ.പിയുടെ വോട്ട് വർധിച്ചിട്ടുമുണ്ട്. എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അത് ആഴത്തിൽ പരിശോധിക്കണം.’ -എം.വി. ജയരാജൻ പറഞ്ഞു.
‘പ്രാഥമികമായി പരിശോധിച്ചപ്പോൾ യു.ഡി.എഫിന് അനുകൂലമായൊരു ജനവിധിയാണ് ഉണ്ടായിട്ടുള്ളത്. എന്തെല്ലാം ഘടകങ്ങളാണ് ഇതിനിടയാക്കിയതെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വിലയിരുത്താൻ കഴിയൂ. ജനവിധി അംഗീകരിക്കുകയാണ്. പാർട്ടിയ്ക്കും എൽ.ഡി.എഫിനുമുണ്ടായ തിരിച്ചടിയെ കുറിച്ച് വിശദമായ പരിശോധന നടത്തി അതിൽനിന്ന് തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങൾ പഠിച്ചും ജനങ്ങളെ കൂടുതൽ അണിനിരത്താനും ജനങ്ങളുടെ ഇടയിൽ പാർട്ടിയെ കുറിച്ചോ മുന്നണിയെ കുറിച്ചോ സർക്കാരിനെ കുറിച്ചോ ഉണ്ടായ ധാരണകളെന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത് പരിഹരിക്കാനുള്ള മാർഗങ്ങൾ തേടും.’ -അദ്ദേഹം കൂട്ടിച്ചേർത്തു.