കോട്ടയം: കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി അഭിഭാഷകയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മൂന്ന് പേരുടെയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുമുണ്ട്. രണ്ട് മക്കളുടെയും ഉള്ളില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തി.

മൂന്ന് മൃതദേഹവും പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് ഏറ്റുമാനൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. മരിച്ച നീറിക്കാട് സ്വദേശി ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ചില കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല. അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടിയാണ് ജിസ്മോള്‍ ജീവനൊടുക്കിയത്.

മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോള്‍. വീട്ടില്‍ വെച്ച് മക്കള്‍ക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്മോള്‍ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാവിലെ നീറിക്കാടുള്ള വീട്ടില്‍ വെച്ച് ജിസ്മോള്‍ കൈയിലെ ഞരമ്പ് മുറിച്ചു, മക്കള്‍ക്ക് രണ്ട് പേർക്കും വിഷം നല്‍കി. തുടർന്ന് 11.30 ഓടെ സ്കൂട്ടറില്‍ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയി. അപകടം മേഖലയായ കടവില്‍ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

