കോഴിക്കോട്: മത ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും രക്ഷാ കവചമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സ്ഥാപക ദിന സമ്മേളനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വരുന്ന കൂരമ്പുകളെ മുസ്‌ലിംലീഗ് തടഞ്ഞുനിർത്തി. ലീഗിനെ വിമർശിക്കുന്നവരെ പോലും ആ കൂരമ്പുകളിൽനിന്ന് രക്ഷിച്ചു. സ്വതന്ത്ര ഇന്ത്യയിൽ പ്രതിസന്ധിയിൽ അകപ്പെട്ട മുസ്‌ലിം ജനസമൂഹത്തിന് മുസ്ലിംലീഗ് നേരായ ദിശ കാണിച്ചുകൊടുത്തു. ഒരുപാട് വേദനകൾ അനുഭവിച്ച സമുദായമാണിത്. ഇനിയും അവരെ വേദനകളിലേക്ക് തള്ളിവിടാതിരിക്കാനുള്ള നിലപാടുകളുമായി മുസ്ലിംലീഗ് മുന്നോട്ട് പോകും. എരിതീയിൽ എണ്ണയൊഴിക്കുകയല്ല, മറിച്ച് ആ തീ പടരാതിരിക്കാനുള്ള കരുതൽ സ്വീകരിക്കുകയാണ് മുസ്ലിംലീഗ് എക്കാലത്തും ചെയ്തിട്ടുള്ളത്’ തങ്ങൾ പറഞ്ഞു.