Kerala
നാടിന്റെ നടുവിലൂടൊരു മഹാനദി ശവ വാഹനം പോല്‍ ഒഴുകുന്നു…; മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൻ്റെ ഉള്ളുലച്ചിൽ കലോത്സവ വേദിയിൽ
തിരുവനന്തപുരം: നാടിന്റെ നടുവിലൂടൊരു മഹാനദി ശവ വാഹനം പോല്‍ ഒഴുകുന്നു…
ഇവിടൊരു സ്വര്‍ഗമായി കണ്ട മനുഷ്യരെ,സ്വപ്‌നവും കണ്ടുറങ്ങുന്ന മനുഷ്യരെവീടോടര്‍ത്തി എടുത്തൂ കടപുഴക്കി….’
ഒരു രാത്രി ഇരുണ്ട് വെളുക്കുമ്പോഴേയ്ക്കും ഒരുനാടിനെ തുടച്ച് നീക്കിയ ഉരുള്‍പൊട്ടലിന്റെ നടുക്കം സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ നൃത്താവിഷ്‌കാരമാക്കി വെള്ളാര്‍മല സ്‌കൂളിലെ നര്‍ത്തകിമാര്‍. സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിലാണ് ജീവിതത്തിന്റെ സാക്ഷ്യം ചിലങ്കയില്‍ അടയാളപ്പെടുത്തിയത്. വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വെള്ളാർമല സ്കൂളിന് സാരമായ കേടുപാടുകൾ സംഭച്ചിരുന്നു. വെള്ളാർമല സ്കൂൾ കെട്ടിടമാണ് കൂടുതൽ ദുരന്തങ്ങളിൽ നിന്ന് ഒരുപരിധിവരെ പ്രദേശത്തെ രക്ഷിച്ചത്.
‘പെട്ടെന്നിരുട്ടിലൂടൊരു വന്‍ പ്രവാഹം, ജലപ്രവാഹം…മണ്ണും മരങ്ങളും കൂട്ടി കുഴക്കുന്നൊരു മഹാസാഗരം..ഇരുളിലൂടൊഴുകുന്നുനാം നിസ്സഹായരായി’
എന്നൊക്കെയും വേദിയില്‍ മുഴങ്ങുമ്പോള്‍ ഒരു വട്ടം കൂടി നടുക്കം മാറാത്ത ഓര്‍മ്മയിലേക്കാണ് കുട്ടികള്‍ സദസ്സിനെകൊണ്ടുപോയത്. കണ്ടും കേട്ടും നിന്നവരിലാക്കെയും നനവ് പടര്‍ത്തുന്നതായിരുന്നു, ഉള്ളുലയ്ക്കുന്നതായിരുന്നു അവരുടെ ചുവടുകള്‍.