Kerala
നെഞ്ചിലെ അണയാത്ത തീ; മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്
വർഷങ്ങളായി മലയാളികളുടെ നെഞ്ചിലെ തീയായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 129 വയസ്. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാട്ടുകാർക്ക് വെള്ളവും കിട്ടാൻ പുതിയ അണക്കെട്ട് വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
തെക്കൻ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് മുല്ലപ്പെരിയാറിൽ അണക്കെട്ട് പണിതത്. 1886 ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളും മദ്രാസ് റെസിഡൻസിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണിയാൻ തീരുമാനിച്ചത്. 1886 ലാണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്. സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എൻജിനീയറായിരുന്ന ജോൺ പെന്നിക്വിക്കാണ് അണക്കെട്ട് നിർമിച്ചത്.