Kerala

മുകേഷിന്റെ രാജി ആവശ്യപ്പെടാനാകാതെ കോണ്‍ഗ്രസ്; യുഡിഎഫിലെ രണ്ട് പീഡനക്കേസ് പ്രതികള്‍ എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല

Posted on

നടനും ഭരണകക്ഷി എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നിട്ടും എംഎല്‍എ സ്ഥാനം രാജിവയ്ക്കണം എന്ന് ആവശ്യപ്പെടാന്‍ കഴിയാതെ കോണ്‍ഗ്രസ്. സമാനമായ കേസില്‍പെട്ട് പ്രതിയാക്കപ്പെട്ട രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലുള്ളത് കൊണ്ട് മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശേഷി യുഡിഎഫിനും കെപിസിസിക്കുമില്ല. കോവളം, പെരുമ്പാവൂര്‍ എംഎല്‍എമാരായ എം വിന്‍സന്റും, എല്‍ദോസ് കുന്നപ്പിള്ളിയുമാണ് പീഡനക്കേസുകളില്‍ പ്രതികളായവര്‍. പീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്ന ജനപ്രതിനിധികള്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന ന്യായമാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ഘട്ടത്തിലൊന്നും മുകേഷ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നുവോ എന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിന് അറിവുണ്ടായിരുന്നില്ല. പിന്നീടാണ് മലവെള്ളപാച്ചില്‍ പോലെ മുകേഷിന്റെ മോശം പെരുമാറ്റത്തിനെതിരെ പല നടിമാരും രംഗത്തുവന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫും മിനു മൂനീര്‍ എന്ന നടിയുമാണ് അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുകേഷില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിട്ടുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും മുകേഷിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പികെ ഗുരുദാസന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് മുകേഷിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ ബലാല്‍സംഗക്കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ മുകേഷിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മ്മികശക്തി പ്രതിപക്ഷ നേതാവിനോ, കെപിസിസി പ്രസിഡന്റിനോ ഇല്ലെന്നതാണ് സിപിഎമ്മിന്റെ ഏക ആശ്വാസം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ മറച്ചുവെച്ച ഭാഗങ്ങളില്‍ കുറ്റക്കാരായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് പ്രകടനം നടത്തിയത് ഒഴിച്ചാല്‍ കാര്യമായ പ്രതിഷേധമൊന്നും പാര്‍ട്ടി നടത്താന്‍ തയ്യാറായിട്ടില്ല.

എറണാകുളം പേട്ട സ്വദേശിയും അധ്യാപികയുമായ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഒക്ടോബറിലായിരുന്നു എല്‍ദോസിനെതിരെ പരാതി വന്നത്. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗിക പീഡനം നടത്തിയതായി യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. കോവളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതുകൊണ്ട് ജയിലില്‍ കിടക്കേണ്ടി വന്നില്ല.

ബാലരാമപുരം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് കോവളം എംഎല്‍എയായ വിന്‍സെന്റ് അറസ്റ്റിലായത്. 2017 ജൂലൈയിലാണ് അറസ്റ്റുണ്ടായത്. ഒരു മാസത്തോളം ജയിലില്‍ കിടന്നു. പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സമയം, ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവ് എത്തുമ്പോഴേക്കും വീട്ടമ്മ അവശയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിന്‍െസന്റ് എംഎല്‍എ കാരണമാണ് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ എംഎല്‍എ കടയിലും വീട്ടിലുംവെച്ച് പീഡിപ്പിച്ചതായാണ് പറഞ്ഞത്. ഇക്കാര്യം ഒരു വൈദികനോടും കന്യാസ്ത്രീയോടും വെളിപ്പെടുത്തിയിരുന്നതായും മൊഴി നല്‍കിയിരുന്നു. ഇതിനുശേഷമാണ് എംഎല്‍എയുടെ പേരില്‍ ബലാത്സംഗത്തിനുകൂടി കേസെടുത്തത്.

നടി മീനു മുനീര്‍ കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് വിഎസ് ചന്ദ്രശേഖരനെതിരെയും മോശം പെരുമാറ്റം ആരോപിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവെച്ചിട്ടും ചന്ദ്രശേഖരന്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായിട്ടില്ല. ഉചിതമായ സമയത്ത് പാര്‍ട്ടി തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞെങ്കിലും നടപടി ഒന്നും ഇതുവരെ ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version