Kerala

പത്രത്തിലേക്ക് സ്വന്തം ചരമക്കുറിപ്പ് എഴുതിയ നായകനെ സൃഷ്ടിച്ച എംടിയുടെ മരണം റിപ്പോർട്ട് ചെയ്യാൻ പത്രങ്ങളില്ല; ആരോടും പറയാതെ പോയ എം ടി

എംടി വാസുദേവൻ നായരുടെ മരണം മുന്നിൽകണ്ട് ചരമക്കുറിപ്പുകൾ തയ്യാറാക്കിവച്ച പത്രങ്ങൾ അവ പുറത്തുവിടാനാകാത്ത തത്രപ്പാടിൽ. ക്രിസ്മസ് കാരണം ഓഫീസുകൾ അവധി ആയിരുന്നതിനാൽ ഇന്ന് പത്രമിറക്കാൻ കഴിയില്ല എന്നത് തന്നെ പ്രശ്നം. ലൈവ് റിപ്പോർട്ടിങ് വഴി ചാനലുകൾ കളം പിടിക്കുമ്പോൾ, നേരത്തെ തയ്യാറാക്കിയ സപ്ലിമെൻ്റുകൾ സോഷ്യൽ മീഡിയ വഴിയും മറ്റും പുറത്തുവിട്ട് ക്ഷീണം തീർക്കാൻ ശ്രമിക്കുകയാണ് പ്രമുഖ പത്രങ്ങൾ.

എംടിയുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം സിനിമയിൽ, തനിക്കായി തയ്യാറാക്കപ്പെട്ട ചരമക്കുറിപ്പിൽ അവസാന തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരണത്തിന് അയച്ച ശേഷം ജീവനൊടുക്കുന്ന പത്രാധിപരുടെ കഥാപാത്രമാണ് മമ്മൂട്ടി ചെയ്തത്. വർഷങ്ങൾക്കിപ്പുറം അതേ മാതൃകയിൽ എംടിയുടെ ചരമക്കുറിപ്പുകൾ മുൻകൂർ തയ്യാറാക്കിവച്ച മാധ്യമങ്ങൾ പക്ഷെ, അവ പുറത്തുവിടാൻ വഴിതേടി അലയുകയാണ് ഇപ്പോൾ.

 

ചങ്ങനാശേരി എസ്ബി കോളജ് അസോസിയേറ്റ് പ്രൊഫസർ ജോസി ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “സുകൃതം സിനിമയിലെ പ്രധാന കഥാപാത്രമാകട്ടെ സ്വന്തം ചരമക്കുറിപ്പ് എഴുതിവെച്ചിട്ട് മരണത്തിലേക്ക് നടന്നു നീങ്ങുന്ന പത്രാധിപരാണ്. ആ കഥാപാത്രത്തെ സൃഷ്ടിച്ച എംടി വിടവാങ്ങുന്നത് പത്രസ്ഥാപനങ്ങൾക്ക് പൊതു അവധിയായ ക്രിസ്മസ് ദിനത്തിലാണെന്നത് ശ്രദ്ധേയമായ ഐറണി തന്നെ. നാളെ പത്രം ഇല്ലാത്തതിനാൽ ചരമക്കുറിപ്പുകളും വിശകലനങ്ങളും വായിക്കാൻ ഒരു ദിവസം കൂടി കേരളം കാത്തിരിക്കണം”.

ഈ സാഹചര്യത്തെ മറികടക്കാൻ വഴിതേടുകയാണ് പത്രവ്യവസായത്തിലെ പ്രമുഖർ. തിടുക്കത്തിൽ സപ്ലിമെൻ്റ് തയ്യാറാക്കി പത്രം പോലെ തന്നെ രാവിലെ വിതരണം ചെയ്യാൻ ആലോചിച്ചെങ്കിലും ഒരിടത്തും ഏജൻ്റുമാരെ കിട്ടാത്ത അവസ്ഥയാണ്.

വിതരണം ചെയ്യാൻ ആലോചിച്ചെങ്കിലും ഒരിടത്തും ഏജൻ്റുമാരെ കിട്ടാത്ത അവസ്ഥയാണ്. എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ഏതാനും അവധികൾ മുൻപേ പ്ലാൻചെയ്ത് ഉപയോഗിക്കുന്ന ഏജൻ്റുമാർ മിക്കവാറും പേർ, മറ്റ് പല കാര്യങ്ങൾക്കായി പോയിക്കഴിഞ്ഞെന്ന് മനസിലായി. അതിനാൽ രാവിലത്തെ വിതരണം നടക്കില്ലെന്ന് ഉറപ്പായി.

ഉച്ചയോടെ കോഴിക്കോട് നഗരത്തിൽ മാത്രം സപ്ലിമെൻ്റിറക്കി സ്വന്തം സർക്കുലേഷൻ സ്റ്റാഫിനെ കൊണ്ട് വിതരണം ചെയ്യിക്കാനാണ് രാത്രി വൈകി മനോരമ പദ്ധയിട്ടത്. സ്വന്തം ലൈബ്രറി ശേഖരം ഉപയോഗിച്ച് മുൻപേ തയ്യാറാക്കി വച്ച ആദരാഞ്ജലി വീഡിയോ തൽക്കാലം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടു. അതേസമയം ഒരുപടി കൂടി കടന്ന് മുൻകൂറായി ഇ-പേപ്പർ തയ്യാറാക്കി വച്ചിരുന്നു മാതൃഭൂമി. മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇത് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.

എംടിയുടെ മരണം റിപ്പോർട്ട് ചെയ്യാൻ കഴുകൻമാരെ പോലെ മാധ്യമങ്ങൾ വട്ടമിട്ടിരിക്കുന്നു എന്ന വിമർശനം സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. അദ്ദേഹം ചികിത്സയിൽ കഴിഞ്ഞ ആശുപത്രിക്ക് മുന്നിൽ തമ്പടിച്ച ചാനൽ പ്രവർത്തകരുടെ ഫോട്ടോകൾ വച്ചായിരുന്നു ഇത്. എന്നാലിത് പുതിയ കാര്യമല്ലെന്ന് ഏത് സാധാരണക്കാർക്കും ഇന്നറിയാം. അതേസമയം മരണങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്യാനുള്ള കിടമത്സരം ചാനലുകളെ വല്ലാത്ത പരിഹാസ്യമായ നിലയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. അതിന് പക്ഷെ ഫീൽഡിൽ ജോലിചെയ്യുന്ന റിപ്പോർട്ടർമാരുടെ ഫോട്ടോയെടുത്ത് അപമാനിക്കുന്നത് കൊണ്ട് ഫലമില്ലെന്ന് മാത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top