എം.കെ.രാഘവന്‍ ചെയര്‍മാനായ മാടായി കോളജിലെ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുന്നു. രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് കോളജില്‍ അനധ്യാപക തസ്തികയില്‍ നിയമനം നല്കിയതിലാണ് പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ചാണ് ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് ഉള്‍പ്പെടെയുള്ളവര്‍ കൂട്ടരാജിക്ക് ഒരുങ്ങുന്നത്. കല്യാശ്ശേരി, പയ്യന്നൂര്‍, കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റികളും രാജിക്ക് ഒരുങ്ങുകയാണ്.
ഇന്നലെ അഭിമുഖത്തിന് എത്തിയ രാഘവനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തടഞ്ഞ നാല് പ്രവര്‍ത്തകരെ കണ്ണൂര്‍ ഡിസിസി നേതൃത്വം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിലും അമര്‍ഷം കത്തുന്നുണ്ട്. പയ്യന്നൂര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലാണ് ഈ കോളജ്.
നിയമനനീക്കം വിവാദമായപ്പോള്‍ ഇന്നലെ ഡിസിസി സെക്രട്ടറി എത്തി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്നും നിയമന കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്ന് രാവിലെ ബന്ധു ജോലിക്ക് കയറി. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്ഷുഭിതരാക്കിയത്.