വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക വേഷത്തിലെത്തി ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ച് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വൈകാരികമായ പോസ്റ്റും ശ്രദ്ധേ നേടിയിരുന്നു. ”വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുന്നില്‍ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള് മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്” എന്നായിരുന്നു ലാലിന്റെ പോസ്റ്റ്.