ഹേമ കമ്മറ്റി റിപ്പോര്‍ട്ടും അതിനു പിന്നാലെ അമ്മയിലെ കൂട്ടരാജിയും അടക്കം നിരവധി സംഭവങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ആദ്യമായി മാധ്യമങ്ങളെ കാണുന്നു. വിവാദങ്ങളിലെല്ലാം മൗനം പാലിച്ചും മാധ്യമങ്ങളില്‍ നിന്ന അകന്നും നിന്ന മോഹന്‍ലാല്‍ കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിന്റെ ഭാഗമായാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തുന്നത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ മറുപടി പറയുമോ എന്ന ആകാംക്ഷയിലാണ് കേരളം.
വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ധിഖ് മാധ്യമങ്ങളെ കണ്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരുന്നു ഈ നിലപാട് വ്യക്തമാക്കല്‍. എന്നാല്‍ ഇതിനുപിന്നാലെ സിദ്ധിഖിന് എതിരെ തന്നെ യുവനടി പരാതിയുമായി രംഗത്ത് എത്തിയതോടെ സിദ്ധിഖ് സ്ഥാനം രാജിവച്ചു. പിന്നാലെ വലിയ വിമര്‍ശനം അമ്മക്കുളളില്‍ തന്നെ ഉയര്‍ന്നതോടെയാണ് മോഹന്‍ലാല്‍ അടക്കം എല്ലാ ഭരണസമിതി അംഗങ്ങളും രാജിവച്ച് ഒഴിഞ്ഞത്.
ഉച്ചയ്ക്ക് 12 മണിക്കാണ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമോ എന്നതില്‍ ഇപ്പോഴും സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇന്ന് നാല് പരിപാടികളാണ് മോഹന്‍ലാലിന് തിരുവനന്തപുരത്ത് നിശ്ചയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാര്‍ഡ് നല്‍കുന്ന ഒരു പരിപാടിയുമുണ്ട്. മോഹന്‍ലാലിനൊപ്പം വേദി പങ്കിടുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാലിനെതിരെ ആരോപണമോ പരാതിയോ ഇല്ലാത്തതിനാല്‍ പങ്കെടുക്കാം എന്നാണ് തീരുമാനം.