പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂരിലെ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറാണ് അംഗത്വം നൽകിയത്. ബിജെപിയുടെ ജില്ലാതല അംഗത്വ ക്യാംപെയ്ന് തുടക്കം കുറിച്ചാണ് സംഗീത സംവിധായകന് അംഗത്വം നല്‍കിയത്. ജില്ലയിൽ 7 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
മലയാള സിനിമയിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ ശില്പിയാണ് മോഹന്‍ സിതാര. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചാരണം.
മലയാള സിനിമയിൽ നിന്ന് ബിജെപിയിലേക്ക് എത്തുന്നവരിൽ ഏറ്റവും ഒടുവിലത്തെ ആളാണ് മോഹൻ. സിനിമയില്‍ നിന്ന് എത്തിയാണ് സുരേഷ് ഗോപി തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായത്. നടന് ദേവൻ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ബിജെപിയിൽ ചേരുകയായിരുന്നു. ഇപ്പോൾ സംസ്ഥാന ഉപാധ്യക്ഷനാണ്.
സംവിധായകനും നടനുമായ മേജര്‍ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്. ബിജെപിയില്‍ എത്തിയ നടന് കൃഷ്ണകുമാര്‍ ഇപ്പോള്‍ ബിജെപി ദേശീയ കൗൺസിൽ അംഗമാണ്. കൊല്ലം പാര്‍ലമെൻ്റ് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയും ആയിരുന്നു. നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതി അംഗവുമാണ്.