ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് എത്തിയ അമേരിക്ക, യുക്രൈൻ, ഫ്രാൻസ് നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്.
നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്.
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ഇന്നലെയാണ് ഇറ്റലിക്ക് തിരിച്ചത്. ശനിയാഴ്ച മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്.
ജർമനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, യുകെ, യുഎസ്, കാനഡ എന്നിവയാണ് ജി 7 അംഗരാജ്യങ്ങള്‍. പ്രധാന സമ്മേളനങ്ങളില്‍ ഇന്ത്യയെ ക്ഷണിക്കാറുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജ മെലോനിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മെലോനിയുമായി മോദി കൂടിക്കാഴ്ച നടത്തും.