India
ഇനിയൊരിക്കലും എൻഡിഎ വിടില്ല; മോദിക്ക് ഉറപ്പ് നൽകി നിതിഷ് കുമാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ. ഇൻഡ്യ മുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് കൂടുമാറിയ ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഇനി എൻഡിഎ മുന്നണി വിടില്ലെന്ന് പ്രധാനമന്ത്രിയെ കണ്ട് നിതിഷ് കുമാർ ഉറപ്പ് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായും നിതിഷ് കുമാർ ചർച്ച നടത്തി. ബിഹാറുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങൾ, ഭരണപരമായകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഫെബ്രുവരി 12 ന് നിതിഷ് കുമാർ സർക്കാർ അവിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് കൂടിക്കാഴ്ച.