India
വാരണാസിക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും മോദി പാലിച്ചില്ല; ആരോപണങ്ങളുമായി കോണ്‍ഗ്രസ്
വാരണാസി: ഗംഗാ ശൂചീകരണത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ പൊടിച്ച 20000 കോടി എവിടെ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്. 10 വര്‍ഷം നരേന്ദ്ര മോദി അധികാരത്തില്‍ ഇരുന്നിട്ടും ഗംഗ ഇപ്പോഴും മലിനമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പരിഹസിച്ചു. വാരണാസി മണ്ഡലത്തില്‍ മൂന്നാം വട്ടവും മത്സരി ക്കാനായി പ്രധാനമന്ത്രി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
വാരാണസിയിലേക്ക് 2014-ല്‍ വന്നപ്പോള്‍ ‘ഗംഗാ മാതാവ് എന്നെ വിളിച്ചു’ എന്നാണ് മോദി പറഞ്ഞത്. ഗംഗാനദിയിലെ ജലം ശുദ്ധമാക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു. അധികാരത്തിലെത്തിയ മോദി ഓപ്പറേഷന്‍ ഗംഗ എന്ന പദ്ധതിയുടെ പേര് മാറ്റി ‘ നമാമി ഗംഗ ‘ എന്ന് പേര് മാറ്റിയതല്ലാതെ ഒന്നും നടന്നില്ലെന്ന് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
മോദി വാരണാസിയില്‍ ദത്തെടുത്ത എട്ട് ഗ്രാമങ്ങളുടെ അവസ്ഥ എന്തായി എന്നും കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. ഗ്രാമവാസികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ ഒരു വികസനവും ഇവിടങ്ങളില്‍ നടന്നതായി കാണാനില്ല. മോദിയാല്‍ ദത്തെടുക്കപ്പെട്ടു എന്ന ദൗര്‍ഭാഗ്യമുള്ള എട്ട് ഗ്രാമങ്ങള്‍ വാരാണസി നഗരത്തിന് പുറത്തുണ്ട്. സ്മാര്‍ട്ട് സ്‌കൂളുകള്‍, മികച്ച ആരോഗ്യസംവിധാനങ്ങള്‍, ഭവന പദ്ധതികള്‍ ഒക്കെ വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടന്നില്ലെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. 10 വര്‍ഷം ഭരിച്ചിട്ടും വാരണാസിക്കു വേണ്ടി ഒന്നും ചെയ്യാത്ത മോദി വീണ്ടും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കുകയാണെന്നും ജയ്‌റാം രമേശ് പറഞ്ഞു.