India
മോദിയുടെ ധ്യാനത്തിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്; മാധ്യമങ്ങളില്‍ സംപ്രേഷണം വിലക്കണമെന്നും ആവശ്യം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മോദിയുടേത് പരോക്ഷമായ തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനാണ് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷമുള്ള ധ്യാനം. ഇത് സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച്ചയാണ് മോദി കന്യാകുമാരിയില്‍ ധ്യാനത്തിനായി എത്തുന്നത്. മൂന്ന് ദിവസങ്ങളിലായി 45 മണിക്കൂര്‍ ധ്യാനമിരിക്കും. തിരുവനന്തപുരത്ത് നിന്നും വൈകിട്ട് 4.55 ന് കന്യാകുമാരിയില്‍ എത്തുന്ന മോദി അവിടെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ബോട്ടില്‍ വിവേകാനന്ദ പാറയിലേക്ക് പോകും.
എട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ അടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെത്തുന്ന സാഹചര്യത്തില്‍ കന്യാകുമാരിയില്‍ സന്ദര്‍ശക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ ഒന്നിന് വൈകീട്ടോടെ ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്ന് തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. 2019 ല്‍ മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനം ഇരുന്നിരുന്നു.