India
ഈ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധരെ ശിക്ഷിക്കാന്‍: നരേന്ദ്ര മോദി
പട്‌ന: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടന വിരുദ്ധരെ ശിക്ഷിക്കാനാണെന്ന് നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ വികസനത്തിലേക്ക് നയിക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷ നേതാക്കള്‍ ഭരണഘടനയെ വച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി പറഞ്ഞു. ബീഹാറിലെ ഗയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പ് അഹങ്കാരികളായ പ്രതിപക്ഷ നേതാക്കളെ ശിക്ഷിക്കാന്‍ മാത്രമാണെന്ന് മോദി പറഞ്ഞു. ഭരണഘടനാ വിരുദ്ധരും, വികസിത ഭാരതത്തെ എതിര്‍ക്കുന്നവരെ ശിക്ഷിക്കപ്പെടുന്നതുമാകും ഈ തെരഞ്ഞെടുപ്പ്. തന്നെ അധിക്ഷേപിക്കാനായി കോണ്‍ഗ്രസും സഖ്യകക്ഷികളും കള്ളം പ്രചരിപ്പിക്കുകയാണ്. അവര്‍ ഭരണഘടനയുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ്. എന്‍ഡിഎ ഭരണഘടനയെ മാനിക്കുന്നു. അംബേദ്കറും ഡോ. രാജേന്ദ്രപ്രസാദും ഉണ്ടാക്കിയ ഭരണഘടനയാണ് തന്നെ പ്രധാനമന്ത്രിയാക്കിയതെന്നും മോദി പറഞ്ഞു. വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഭരണഘടന ദിനാചരണം പോലും പ്രതിപക്ഷ നേതാക്കള്‍ എതിരാണെന്നും അംബേദ്കര്‍ വിചാരിച്ചാല്‍ പോലും ഭരണഘടന മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.