India

നൂറിൽ 99 അല്ല, 543ലാണ് 99 സീറ്റ് കോൺഗ്രസ് നേടിയത്; പരിഹസിച്ച് മോദി

Posted on

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തീപാറുന്ന കന്നി പ്രസംഗത്തിന് പിന്നാലെ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം വട്ടവും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വേദനയാണ് പ്രതിപക്ഷത്തിനെന്ന് മോദി പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് നൂറില്‍ 99 അല്ല, മറിച്ച് 543ല്‍ 99 സീറ്റാണെന്ന് മോദി പരിഹസിച്ചു. രാഷ്ട്പപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

“ചിലരുടെ വേദന എനിക്ക് മനസിലാകും. നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ പരാജയപ്പെട്ടു. മൂന്നാം തവണയും അവർക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് തന്നത്. പത്തുവര്‍ഷത്തെ ഞങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് അവര്‍ കണ്ടതാണ്. 25 കോടി ജനങ്ങള്‍ ദാരിദ്ര്യമുക്തി നേടി. സ്വതന്ത്ര ഇന്ത്യയില്‍ മുമ്പൊരിക്കലും അത് സംഭവിച്ചിട്ടില്ല,” മോദി പറഞ്ഞു.

സഖ്യകക്ഷികളുടെ കാരുണ്യത്തിലാണ് കോണ്‍ഗ്രസ് ജീവിക്കുന്നതെന്ന് മോദി പരിഹസിച്ചു. കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടിയ ഇടങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം വെറും 26 ശതമാനം മാത്രമാണ്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയുടെ കാരുണ്യത്തില്‍ മത്സരിക്കുന്ന സീറ്റുകളില്‍ 50 ശതമാനവും നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച 15 സംസ്ഥാനങ്ങളില്‍ മുമ്പത്തെക്കാള്‍ വോട്ടുവിഹിതം കുറഞ്ഞെന്ന് മോദി പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 64 സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ വിജയിക്കാനായുള്ളൂ എന്നു മോദി ചൂണ്ടിക്കാട്ടി.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രതിപക്ഷം ‘മണിപ്പൂര്‍… മണിപ്പൂര്‍…’ എന്ന് മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധം രേഖപ്പെടുത്തി. സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ‘ഏകാധിപത്യം അനുവദിക്കില്ല’, ‘മണിപ്പൂരിന് നീതി’ എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. അംഗങ്ങളോട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചതിന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ ഓം ബിര്‍ള ശാസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version