India
‘പ്രതിപക്ഷം സ്ത്രീവിരുദ്ധർ, ബിജെപി കൊണ്ടുവന്നത് ക്ഷേമപദ്ധതികൾ’; വാരണസിയിലെ സ്ത്രീകളോട് മോദി
വാരണസി: പ്രതിപക്ഷം സ്ത്രീവിരുദ്ധരെന്ന ആരോപണമാണ് വാരണസ്സിയിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൊടുത്തുവിട്ടത്. പ്രതിപക്ഷം സ്ത്രീ വിരുദ്ധമെന്ന് ആരോപിച്ച മോദി ബിജെപി മുന്നോട്ട് വച്ചത് ക്ഷേമപദ്ധതികളെന്നും ആവർത്തിച്ചു. വോട്ട് ശതമാനം ഉയർത്തണമെന്നാണ് പ്രധാനമന്ത്രി റാലിയിൽ ആവശ്യപ്പെട്ടത്. 25 മുതൽ 30 വരെ സ്ത്രീകളെ കൂട്ടി ഒരോ ബൂത്തിലേക്കും പോകുക, അവിടെ വോട്ടർമാരെ മാലയിട്ടും ചെണ്ട കൊട്ടിയും പാട്ടുപാടിയും ആനയിച്ചെത്തിക്കാനായാൽ വോട്ടിങ് ശതമാനം കൂട്ടാനാകുമെന്നാണ് നാരി ശക്തി സമ്മേളൻ എന്ന പേരിൽ ഒരുക്കിയ റാലിയിൽ മോദി പറഞ്ഞത്.
തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായി മത്സരിക്കുന്ന കോൺഗ്രസിനെയും സമാജ് വാദി പാർട്ടിയെയും മോദി കടന്നാക്രമിച്ചു. കോൺഗ്രസ് സംവരണത്തിന് എതിരാണെന്നും ക്രമസമാധാന കാര്യങ്ങളിൽ എസ്പി പുറകിലാണെന്നും മോദി ആരോപിച്ചു. ‘എന്തെങ്കിലും സംഭവിച്ചാൽ ആണുങ്ങൾക്ക് തെറ്റുപറ്റും, ആണുങ്ങൾ തെറ്റ് ചെയ്യട്ടേ എന്നെല്ലാമാണ് എസ്പി പറയുക. ഇപ്പോൾ യോഗിജിക്ക് അറിയാം അതെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്’; മോദി പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രിയും എസ്പി നേതാവുമായിരുന്ന മുലായം സിങ് യാദവിന്റെ 2014 ലെ പ്രസംഗം ഓർമ്മിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം.
മുംബൈയിൽ കൂട്ടബലാത്സംഗക്കേസുകളിൽ പ്രതികളായവർക്ക് വധശിക്ഷ വിധിച്ചതിനെ ചോദ്യം ചെയ്ത് മുലായം സിംഗ് യാദവ് നടത്തിയ പരാമർശം പ്രകോപനം സൃഷ്ടിച്ചിരുന്നു. ‘ബലാത്സംഗക്കേസുകളിൽ തൂക്കിക്കൊല്ലണോ? അവർ ആൺകുട്ടികളാണ്, അവർ തെറ്റുകൾ ചെയ്യും’; എന്നായിരുന്നു മുലായത്തിന്റെ വാക്കുകൾ. ഇൻഡ്യ മുന്നണിയുടെ മാനസ്സികാവസ്ഥ സ്ത്രീ വിരുദ്ധമാണ്. അവർ സ്ത്രീ സംവരണത്ത എതിർത്തു. എവിടെയൊക്കെയാണ് അവരുടെ സർക്കാർ അധികാരത്തിലുള്ളത് അവിടെയെല്ലാം സ്ത്രീകൾ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും മോദി ആരോപിച്ചു. അവാസന ഘട്ടമായ ജൂൺ ഒന്നിനാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിൽ തിരഞ്ഞെടുപ്പ്.