India
45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി, മോദി വിവേകാനന്ദപ്പാറയില്‍ നിന്നു മടങ്ങി
കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു മോദിയുടെ മടക്കം. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം. കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി 30ന് വൈകിട്ട് 5.40 ന് കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനംനടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനെത്തിയത്.
കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ധ്യാനനിരതനായി.
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.