India

പ്രധാനമന്ത്രി പോളണ്ടിലേക്ക്; അടുത്തത് യുക്രെയ്‌ൻ

നിര്‍ണായകമായ വിദേശസന്ദര്‍ശനത്തിന് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പോളണ്ട്, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്ര. 45 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തും. സംയുക്ത വാര്‍ത്താസമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്. പോളണ്ടിലെ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്തശേഷമാകും പ്രധാനമന്ത്രി മടങ്ങുക.

പോളണ്ടില്‍ നിന്നാകും പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്‌നില്‍ എത്തുക. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. 30 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്. റഷ്യയുമായുള്ള യുദ്ധം നടക്കുന്ന സമയത്തെ സന്ദര്‍ശനം ഏറെ പ്രാധാന്യമുളളതാണ്. റഷ്യയുമായും യുക്രെയ്‌നുമായും ഇന്ത്യക്ക് സ്വതന്ത്രമായ ബന്ധമുണ്ട്. ചര്‍ച്ചയില്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചയാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മോദി റഷ്യ സന്ദര്‍ശിച്ചപ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റ് കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ഇനി യുക്രെയ്ന്‍ സന്ദര്‍ശന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ റഷ്യയുടെ പ്രതികരണം എന്താകുമെന്ന് വിദേശകാര്യ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. റഷ്യന്‍ സന്ദര്‍ശനവേളയില്‍ മോദി റഷ്യന്‍ പ്രസിഡന്റ് പുടിനെ ആലിംഗനം ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി മുന്നോട്ടുവന്നിരുന്നു. മോദി റഷ്യ സന്ദര്‍ശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top