ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇടതു പക്ഷത്തിന്റെ വെളിച്ചമായിരുന്നു അദ്ദേഹമെന്നും കക്ഷി രാഷ്ട്രീയത്തിനു അതീതമായ സൗഹൃദം എല്ലാവരുമായി സ്ഥാപിച്ച വ്യക്തിത്വമായിരുന്നുവെന്നും മോദി എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി. യെച്ചൂരിയുടെ കൈ പിടിച്ചു നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മോദി അനുസ്മരണ കുറിപ്പ് പങ്കിട്ടത്.
‘ശ്രീ സീതാറാം യെച്ചൂരി ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ഇടതു പക്ഷത്തെ മുന്നിൽ നിന്നു നയിച്ച വെളിച്ചമായിരുന്നു. എല്ലാ രാഷ്ട്രീയക്കാരുമായും സൗഹൃദം സ്ഥാപിക്കുന്നതിൽ പേരുകേട്ട നേതാവായിരുന്നു അദ്ദേഹം. ഫലപ്രദമായ പാർലമെൻ്റേറിയൻ എന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സങ്കടകരമായ വേളയിൽ എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി’- മോദി കുറിച്ചു.