വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ വ്യോമനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം തുടങ്ങിയ മേഖലകളിലാണ് പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയത്. അതിനുശേഷം കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററുകള്‍ ഇറങ്ങി. അവിടെ നിന്ന് കാറില്‍ ചൂരല്‍മല ഭാഗത്തേക്ക് പോകുകയാണ് പ്രധാനമന്ത്രി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
രാവിലെ 11.10ന് വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തിലാണ് പ്രധാനമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കെ കെ ശൈലജ എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡിജിപി ഷേഖ് ദര്‍വേശ് സാഹിബ്, ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്, സിറ്റി പോലീസ് കമ്മിഷണര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. സ്വീകരണത്തിന് ശേഷം 11.17നാണ് പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചത്.
ദുരന്തമേഖലയില്‍ സൈന്യം നിര്‍മ്മിച്ച ബെയ്ലി പാലം വരെയാകും മോദി സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പും കളക്ടറേറ്റും സന്ദര്‍ശിക്കും.