India

രാജ്യതലസ്ഥാനത്ത് മോദിക്ക് മ്യൂസിയം ഒരുങ്ങുന്നു

Posted on

ദില്ലിനെഹ്റു മുതൽ മൻമോഹൻസിംഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാർക്കൊപ്പം ദില്ലി തീന്മൂർത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിർമ്മിക്കുന്നത്. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുന്ന മ്യൂസിയത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

16 വർഷം ജവഹർ ലാല്‍ നെഹ്റു താമസിച്ച തീൻമൂർത്തി ഭവൻ, നെഹ്റുവിന്റെ എഴുപത്തഞ്ചാം ജൻമദിനത്തിലാണ് വീട് മ്യൂസിയമായി രാജ്യത്തിന് സമർപ്പിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ നവീകരിച്ച് പേരുമാറ്റി ഇത് പ്രധാനമന്ത്രി സം​ഗ്രാഹലയയാക്കി. നെഹ്റു മുതൽ മൻമോഹൻ സിം​ഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാരുടെ സംഭാവനകളും ജീവിതവുമാണ് പ്രദർശനത്തിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍കേ 2000 ചതുരശ്ര അടിയിൽ പുതിയ കെട്ടിടത്തില്‍ മോദിക്കായി വൻ ​ഗാലറി ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേൽനോട്ടത്തിലാണ് ​ധൃതിയിൽ ​ഗാലറി നി‌‌ർമ്മാണം. താഴത്തെ നിലയിൽനിന്നും ​​ഗാലറിയിലേക്കുള്ള വഴിയിൽ 2014 മുതൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ നിരയായി പ്രദർശിപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധനം, സർക്കാറിന്റെ കാലത്തെ നിയമനിർമാണങ്ങളൊക്കെ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 22 ​ഗാലറികളിൽ ഏറ്റവും വലുതാണ് മോദി ​ഗാലറി.

ഭീമൻ എൽഇഡി വാളുകളിലായി മോദിയുടെ ബാല്യകാലം മുതലുള്ള ജീവിതത്തെ കുറിച്ചുള്ള പ്രദർശനം. വിവിധ ഇൻസ്റ്റലേഷനുകൾ, പ്രധാനമന്ത്രി ഉജ്വല യോജനയുൾപ്പടെ നടപ്പാക്കിയ പ്രധാന പദ്ധതികൾ വീഡിയോ രൂപത്തിലും പ്രദർശിപ്പിച്ചിരിക്കുന്നു. മോദിയുടെ വിദേശ യാത്രകളെ കുറിച്ച് പ്രത്യേകം പ്രദർശനവുമുണ്ട്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ള ബിജെപി തന്ത്രമാണിതെന്നാണ് കോൺ​ഗ്രസ് വിമർശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version