പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തി. യുക്രെയ്ന് സന്ദർശത്തിന് ശേഷം തിരിച്ചെത്തിയ ശേഷം നടത്തിയ സംഭാഷണത്തിൽ യുക്രെയ്ൻ – റഷ്യ സംഘർഷം; ബംഗ്ലാദേശിലെ രാഷ്ട്രീയ അരാജകത്വം ഉൾപ്പെടെയുള്ള ആഗോള – പ്രാദേശിക കാര്യങ്ങൾ വിഷയമായി.
ബംഗ്ലാദേശിൽ സമാധാനം പുനസ്ഥാപിക്കുന്നതിനെ പറ്റിയും അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ച് ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യങ്ങളും അവലോകനം ചെയ്തതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഓഗസ്റ്റ് എട്ടിന് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ നിലവിൽ വന്ന ശേഷം മൂന്ന് തവണ ഇന്ത്യ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്ന വിഷയം ഉയർത്തിയിരുന്നു. സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും പ്രധാനമന്ത്രി ഈ വിഷയത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്. മുഹമ്മദ് യൂനുസ് മോദിയുമായി ഫോണിൽ ബന്ധപ്പെട്ട് സുരക്ഷ ഉറപ്പു നൽകിയിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് അമേരിക്കയെ പോലുള്ള ഒരു രാജ്യവുമായി ഉന്നത തലത്തിൽ വിഷയം ചർച്ച ചെയ്യുന്നത്.
ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ക്വാഡ് ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കൂട്ടായ്മകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള താല്പര്യം മോദിയും ബൈഡനും ആവർത്തിച്ചു.
അടുത്തിടെ നടന്ന യുക്രെയ്ൻ സന്ദർശനത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റിനോട് മോദി വിശദീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യ- യുക്രെയ്ൻ സമാധാന ചർച്ചകൾക്കും നയതന്ത്രത്തിനുമുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് മോദി ആവർത്തിച്ചു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.