India
രാജ്യത്തിന്റെ തലപ്പത്ത് ഹാട്രിക്, നരേന്ദ്ര മോദിക്കിത് പകിട്ടുള്ള പിറന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74ാം പിറന്നാള്‍. 2014 ൽ 336 സീറ്റുകളുടെ ചരിത്രവിജയം നേടിയായിരുന്നു ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവ്. തുടര്‍ന്നിങ്ങോട്ട് 10 വര്‍ഷവും 3 മാസവും 22 ദിവസവുമായി, നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി പദവിയില്‍ തുടരുകയാണ്. കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ മൂന്നാം സ്ഥാനമാണിപ്പോള്‍ നരേന്ദ്ര മോദിക്ക്. മൂന്ന് പൊതുതെരഞ്ഞെടുപ്പിനെ വിജയകരമായി നേരിട്ടാണ് മോദി ഈ ചരിത്രനേട്ടം കുറിച്ചത്.
2004-ലും 2009-ലും, തുടർച്ചയായി രണ്ടു ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് വിധി എഴുതിയവരുണ്ട്. ഒരു ദശാബ്ദത്തിനപ്പുറം, 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയപ്പോൾ അതുവരെ വിമർശിച്ചവരടക്കം അമ്പരന്നു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപി, മുന്നണിക്കൊപ്പം നേടിയത് 336 സീറ്റുകള്‍. അങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദർദാസ് മോദി എത്തിയത്.