ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ ജെപി നഡ്ഡ വീണ്ടും ആരോഗ്യമന്ത്രി. മോദിയുടെ ആദ്യമന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു ജെപി നഡ്ഡ. പാര്‍ട്ടി അധ്യക്ഷനായി നഡ്ഡയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.
2019ല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ പാര്‍ട്ടി അധ്യക്ഷന്റെ ചുമതല നഡ്ഡ ഏറ്റെടുത്തു. മോദി സര്‍ക്കാര്‍ മൂന്നാം തവണ അധികാരത്തില്‍ എത്തിയതു നഡ്ഡയുടെ നേതൃത്വത്തിലാണ്. എന്‍ഡിഎ മുന്നണിയായാണു മത്സരിച്ചതെങ്കിലും ഇത്തവണ 441 സീറ്റില്‍ മത്സരിച്ചെങ്കിലും ബിജെപിക്ക് 240 സീറ്റാണു നേടാനായത്.
1960 ഡിസംബര്‍ രണ്ടിന് ബിഹാറിലെ പട്നയില്‍ ഡോ. നരേന് ലാല്‍ നഡ്ഡയുടെയും കൃഷ്ണ നഡ്ഡയുടെയും മകനായി ജനിച്ചു. പട്നയിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് വിദ്യാഭ്യാസം. അതിനുശേഷം പട്ന കോളജ്, പട്ന യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് കോളജ് വിദ്യാഭ്യാസവും ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി.
രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ് പൊതുജീവിതത്തിന് തുടക്കം. പട്ന സെന്റ് സേവ്യേഴ്സ് കോളജ് പഠനശേഷം ഹിമാചല്‍ സര്‍വകലാശാലയില്‍ നിയമബിരുദ പഠനത്തിന് ചേര്‍ന്നപ്പോള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായി. അടിയന്തരാവസ്ഥക്കാലത്ത് സമര രംഗത്തിറങ്ങിയ നഡ്ഡ പിന്നീട് എബിവിപിയുടേയും യുവമോര്‍ച്ചയുടേയും നേതൃസ്ഥാനത്ത് എത്തി.1993-ല്‍ ഹിമാചല്‍ നിയമസഭാംഗമായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി. തുടര്‍ന്ന് 1998-2003, 2007-2012 നിയമസഭകളിലും അംഗമായി. പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചു. 2010ല്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ നഡ്ഡ 2012ല്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.