India
എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. തുടക്കമാകുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണെന്നും പ്രധാനമന്ത്രി കുറിച്ചു. വോട്ട് ചെയ്യാന്‍ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പാണ് തിരഞ്ഞെടുപ്പിന് വേണ്ടി നടന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷര്‍ ചൂണ്ടിക്കാണിച്ചു.