India
മഹാത്മഗാന്ധിയെ ലോകമറിഞ്ഞത് സിനിമയിലൂടെ; അതുവരെ അദ്ദേഹത്തെ കുറിച്ച് അറിയില്ലായിരുന്നു; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ ലോകമറിഞ്ഞത് ‘ഗാന്ധി’സിനിമയിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സിനിമ നിര്‍മിക്കുന്നതുവരെ ഗാന്ധിജിയെ കുറിച്ച് ആര്‍ക്കും ഒന്നും അറിയുമായിരുന്നില്ലെന്നും മോദി പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ ഗാന്ധി വിരുദ്ധ പരാമര്‍ശം.
‘മഹാത്മാഗാന്ധി ലോകത്തിലെ വലിയ നേതാവായിരുന്നു. ഈ 75 വര്‍ഷത്തിനിടയില്‍, മഹാത്മാഗാന്ധിയെക്കുറിച്ച് ലോകത്തെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമല്ലേ?. സിനിമ വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്. അതുവരെ ആര്‍ക്കും അറിയുമായിരുന്നില്ലെന്നും കോണ്‍ഗ്രസ് ഗാന്ധിയെ പ്രമോട്ട് ചെയ്തില്ലെന്നും മോദി പറഞ്ഞു.
മാര്ട്ടിന് ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ടേലയെയും പോലെയുള്ള മറ്റ് നേതാക്കളെ കുറിച്ച് ലോകത്തിന് മുഴുവന്‍ അറിയുമായിരുന്നു. അവര്‍ക്ക് സമാനമായ ലോകനേതാവ് ആയിട്ടും അദ്ദേഹത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് മോദി പറഞ്ഞു.
മോദിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഗാന്ധിയന്‍ പൈതൃകം തകര്ക്കുന്നവാക്കുകളാണ് മോദിയുടെതെന്ന് ജയറാം രമേശ് പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദേശീയത മനസിലാക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് കഴിയുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്സെയെ ഗാന്ധിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.