ന്യൂഡല്‍ഹി: രാജ്യാന്തര ഇ- സിം സേവനം നല്‍കുന്ന രണ്ടു ഇ- സിം ആപ്പുകള്‍ നീക്കം ചെയ്ത് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നുമാണ് ആപ്പുകള്‍ നീക്കം ചെയ്തത്.സൈബര്‍ തട്ടിപ്പ് തടയാന്‍ Airalo, Holafly ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിച്ചത്. ഇതിന് പുറമേ ഈ രണ്ടു ആപ്പുകളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടും ടെലികോം കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോളതലത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇ-സിം എനേബിളിങ് ടെലികോം സേവനം നല്‍കുന്ന ആപ്പുകളാണിവ. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താനും നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കാനും അന്താരാഷ്ട്ര ഫോണ്‍ നമ്പറുകളിലുള്ള അനധികൃത ഇ-സിമ്മുകള്‍ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫിസിക്കല്‍ സിം കാര്‍ഡ് ആവശ്യമില്ലാതെ തന്നെ വോയ്സ് കോളിങ്ങിനും ഇന്റര്‍നെറ്റ് ഡാറ്റ പാക്കുകള്‍ക്കുമായി ഡിജിറ്റല്‍ സിം കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്ന സേവനമാണ് ഇ- സിം പ്രൊവൈഡര്‍മാര്‍ നല്‍കുന്നത്. ഇതിന് ടെലികോം മന്ത്രാലയത്തതിന്റെ എതിര്‍പ്പില്ലാ രേഖ മാത്രം മതി. മറ്റു ഇ- സിം പ്രൊവൈഡര്‍മാര്‍ക്ക് സേവനം തുടരുന്നതില്‍ തടസ്സമില്ല.