Kerala
കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം മണി
കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസ് ജീവനൊടുക്കിയ സംഭവത്തിൽ വിവാദ പരാമർശവുമായി സിപിഐഎം നേതാവ് എം എം മണി. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. സാബുവിൻ്റെ മരണത്തിൽ വി ആർ സജിക്കോ സിപിഐഎമ്മിനോ ഉത്തരവാദിത്തമില്ല. ആത്മഹത്യയുടെ പാപഭാരം സിപിഐഎമ്മിൻ്റെ തലയിൽ വെക്കേണ്ടെന്നും മണി പറഞ്ഞു.
ഈ മാസം 20 നാണ് കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് ജീവനൊടുതക്കിയത്. റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സാബു ആത്മഹത്യ ചെയ്തത്.സിപിഎം ഭരിക്കുന്ന ബാങ്കിൽ, ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ സാബുവിന് തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
സാബുവിനെ മുൻ ബാങ്ക് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. മുൻ ബാങ്ക് പ്രസിഡന്റും, സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറിയും കൂടിയായ വി.ആർ. സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്.